Thursday, August 28, 2008

കൃഷ്ണാഷ്ടമി - ഇന്നല്ലോനിന്‍ പിറന്നാള്‍ (belated wishes!)













ഉണ്ണീ വാ വാ! കുളിച്ചീടുക കുറികളുമി-
ട്ടുണ്ണണം നീ കുമാരാ
ഇന്നല്ലോനിന്‍ പിറന്നാള്‍ പൊടിചളികളണി-
ഞെന്തിവണ്ണം നടപ്പൂ
എന്നീവണ്ണം യശോദാവചനമുടനെ
കേട്ടൊന്നു മെല്ലെചിരിച്ചോ-
രുണ്ണിക്കണ്ണന്റെ ഭാവം മമ പുനരൊരുനാള്
‍കാണ്മതിന്‍ ഭാഗ്യമുണ്ടോ?

Tuesday, August 26, 2008

വിടില്ല ഞാന്‍ എന്റെ പ്രിയ......


ഇഡ്ഡലി......


കണ്ണില്‍ കണ്ടതൊക്കെ തിന്നുന്നത്‌ കാരണം തടി കൂടുന്നതിന് ആരെയെന്കിലും പഴി ചാരാന്‍ നോക്കിയപ്പോള്‍ കണ്ടത് ഇഡ്ഡലിയെ. ഇഡ്ഡലി കഴിച്ചാല്‍ തടി കൂടും അത് കൊണ്ടു ബ്രയ്ക്ഫാസ്റ്റ് വേറെ വല്ലതും കഴിക്കണം എന്ന് ഒരു 'ഡയറ്റിഷ്യന്‍്' മൊഴി കേട്ടു.


പിറ്റേന്ന് മുതല്‍ കോഴിക്കു തീറ്റ വാരിയിടുന്നത് പോലെ കുറച്ചു തവിട് കണക്കിരിക്കുന്ന സിറീല്‍ ഒരു പാത്രത്തില്‍ വാരിയിട്ടു തിന്നാന്‍ തുടങ്ങി. ഒരു കണക്കിന് അത് കഴിച്ചു. തടിച്ചാലും മെലിഞ്ഞാലും ഒന്നുമില്ല എന്ന മനോഭാവം ഉള്ള വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക്‌ ഇഡ്ഡലി ഉണ്ടാക്കി (സ്വല്പം മനോവേദനയോടെ).


അങ്ങനെ കോഴിത്തീറ്റ കഴിച്ചു ഓഫീസിലേക്ക് പുറപ്പെടുകയും പത്ത് മണിയോട് കൂടി ചെറിയ ഒരു തലകറക്കം അനുഭവപ്പെടുകയും ചെയ്തു. രാവിലെ കിട്ടുന്ന ഇഡ്ഡലിയുടെ ക്വോട്ട തികയാതെ ശരീരം പ്രതിഷേധിക്കാന്‍ തുടങ്ങി.


രണ്ടു ദിവസം കോഴിത്തീറ്റ സിരീലുമായി മല്ലടിച്ചു. മൂന്നാം ദിവസം അംഗത്തില് തോറ്റ ചേകവരെ കണക്കു (ചേകവര്‍ തോറ്റാല്‍ എന്ത് ചെയ്യുമോ എന്തോ?) രാവിലെ നേരത്തെ എണീറ്റ്‌ അഞ്ചാറ് ഇഡ്ഡലി എടുത്തു തിന്നപ്പോള്‍ ഒരു മനസമാധാനം.

കോഴിത്തീറ്റ സിറീല്‍ തിന്നാന്‍ പുറത്തു പക്ഷികളുടെ ഭയങ്കര ബഹളം.
ബൈ ബൈ കോഴിത്തീറ്റ, വെല്‍ക്കം ഇഡ്ഡലി.....(വെല്‍ക്കം ചെയ്യാന്‍ അദ്ദേഹം എങ്ങും പോയില്ലല്ലോ)

Monday, August 4, 2008

ആലോചനകള്‍ - പാര്‍ട്ട് ഒന്ന്.

ഏത് കാര്യവും കാര്യകാരണ സഹിതം ആലോചിച്ചേ ചെയ്യാവൂ എന്ന് പലപ്പോഴും നാം കേട്ടിടുണ്ട്. അങ്ങനെയേ നമ്മള്‍ എന്തും ചെയ്യുകയുമുള്ളൂ.

സ്ഥലം വാങ്ങണോ വേണ്ടയോ എന്ന ആലോചന, വീട് ഇങ്ങനെ വേണോ, അങ്ങനെ വേണോ, മക്കള്‍ ഈ സ്കൂളില്‍ പോണോ, അതോ കുറച്ചു ദൂരെയുള്ളതില്‍ പോണോ, അങ്ങനെ അങ്ങനെ എണ്ണിയാലൊടുന്ഗാത്ത ആലോചനകള്‍.

ഏട്ടന് കല്യാണ ആലോചന. ആള്‍മോസ്റ്റ്‌ ആറടിയുള്ള പയ്യന്റെ അച്ഛനും അമ്മയ്ക്കും അശേഷം ചാന്ജല്യമില്ല. ആലോചനകളുടെ സൂപ്പര്‍ മാര്കെറ്റൂകളായ അവര്‍ പറഞ്ഞു -- ഇതിലെന്താ ഇത്ര ആലോചിക്കാന്‍? അവന് പെണ്ണ് രണ്ടു ദിവസത്തില്‍ ശരിയാവും. ഞാനും വിചാരിച്ചു, ശരി തന്നെ. കണ്ടാല്‍ മോശമില്ല. അമേരിക്കന്‍ ഡിഗ്രി, പൌരന്‍.

അച്ഛന്‍, ഏട്ടന്റെ ചില ഫോടോകളൊക്കെ റെഡിയാക്കി. സ്ടുടിയോവില്‍ എടുത്ത ഫോട്ടോ കൊടുക്കാതെ, സാധാരണ ഫോട്ടോ പെണ്‍ വീട്ടില്‍ കൊടുത്താല്‍ മതിയെന്ന് അച്ഛന്‍ നിര്‍്ബന്ധം.

ഏട്ടന്‍ കുറെ മഞ്ഞു പെയ്തുകിടക്കുന്ന മരക്കൊമ്ബിന്ടേ ഇടയിലൂടെ നോക്കി ചിരിച്ചു നില്ക്കുന്നു. ചുറ്റുമുള്ള മഞ്ഞിനും, ഏട്ടന്റെ പല്ലിനും ഒരേ നിറം. ആകെ വെള്ള ബാക്ക്ഗ്രൌണ്ട് കാരണം, ഏട്ടന്‍ കുറച്ചു കൂടെ കറുത്തോന്നു തോന്നുന്ന ഒരു പടം. അത് ഞാന്‍ പറഞ്ഞതു അമ്മക്ക് അത്ര പിടിച്ചില്ല. നീ മിണ്ടാതിരിയെടി-- ഓ ശരി.

പക്ഷെ ആ പടത്തില്‍, വിന്റെര്‍ ജാക്കെറ്റ്‌ ഇട്ട ഏട്ടന്, പഴയ മലയാള സിനിമയിലെ ഒരു വില്ലന്‍ ലുക്ക് ഉണ്ടെന്നു പറഞ്ഞപ്പോള്‍, അച്ഛന്‍ കണ്ണാടി ഒന്നു കൂടെ ശരിയാക്കി ഫോടോവിലേക്ക് സൂക്ഷിച്ചു നോക്കി. എന്നെ ഒന്നു രൂക്ഷമായി നോക്കി. മകനെ പെണ്ണിന്റെ വീടുകാര്‍ വില്ലനായി കണ്ടാലോ? ആ ഫോട്ടോ ഔട്ട്.

അടുത്ത പടം. ഏട്ടന്‍ ഒരു കാറില്‍ ചാരി നില്ക്കുന്നു. അത് കണ്ടതെ അമ്മൂമ്മ പറഞ്ഞു. ഇതു കണ്ടാല്‍ ഇവന് നടുവിന് വല്ല കേടും ഉണ്ടോ എന്ന് തോന്നും ഡാ. അച്ഛന്‍ അമ്മൂമ്മയെ രൂക്ഷമായി നോക്കി. അതും ഔട്ട്.

പെണിന്റെ വീട്ടില്‍ ഏത് പടം കൊടുക്കും? ആറടി പൊക്കമുള്ള മകന്റെ ഏത് ഫോട്ടോ പെണ്ണിന്റെ വീട്ടുകാരെ ഇമ്പ്രെസ്സ് ചെയ്യിക്കും? ആലോചന മുറുകുന്നു.

അമ്മ ഒരു ഫോട്ടോ എടുക്കുന്നു. ഏട്ടന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയെ പോലെ ഒരു ട്രൌസര്‍ ഇട്ടു നില്ക്കുന്നു. ആള്‍ ഏതോ ബീച്ചില്‍ നില്‍കുകയാണ്‌. സ്റ്റൈലന്‍ ഫോട്ടോ തന്നെ. അമ്മുമ്മ അത് പിടിച്ചു വാങ്ങി. ഫോടോവില്‍ ദൂരെ ഒരു മദാമ്മയെ തന്റെ സൂക്ഷ്മ ദൃഷ്ടിയാല്‍ സ്പോട്ട് ചെയ്യുന്നു. " ഇതു വേണ്ട. ഈ പെണ്നെങ്ങാനും ഏട്ടന്റെ കൂടെ ബീച്ചില്‍ വന്നതാണെന്ന് 'അവര്‍' വിചാരിച്ചാലോ? അച്ചന് ദ്വേഷ്യം വന്നു കഴിഞ്ഞു.

"എന്നാ നിങ്ങള് ഒരു നല്ല ഫോട്ടോ കണ്ടു പിടി - ഞാനിപ്പോ വരാം". അച്ഛന്‍ പുറത്തേക്കിറങ്ങുന്നു. അമ്മയും അമ്മുമ്മയും കുറെ ഫോടോകളുമായി മല്‍പിടുത്തം നടത്തുന്നു. അതിലെ പാഞ്ഞു വന്ന അനിയന്റെ അഭിപ്രായം അമ്മുമ്മ, സ്നേഹപൂര്വ്വം ആരായുന്നു. അവന്റെ ചങ്ങാതി പുറത്തു ബൈക്ക് റൈസ് ചെയ്യുന്നത് കൊണ്ടു അവനുടനെ പോണം. രണ്ടു മൂന്നെണ്ണം ഫ്ലിപ്പ് ചെയ്തു അവന്‍ രണ്ടെണ്ണം എടുത്തു കൊടുക്കുന്നു. " ഞാനിപ്പോ വരാം അമ്മേ" - അവന്‍ അപ്രത്യക്ഷനാകുന്നു.

അനിയന്‍ എടുത്ത രണ്ടെണ്ണം അമ്മ, അമ്മുമ്മയെ കാണിക്കുന്നു. ഒന്നില്‍ ഏട്ടന്‍ ചിരിക്കാതെ പല്ലുവേദന വന്നത് പോലെ ഒരു സൈഡ് വ്യൂ വില്‍ ഇരിക്കുന്നു. അമ്മുമ്മയുടെ കമന്റ് - അവര് ബാക്കി ഭാഗം കൂടെ കാണണം എന്ന് പറയും. അമ്മ ഈര്‍ഷ്യയോടെ അമ്മുമ്മയെ നോക്കുന്നു. അടുത്തതില്‍ ഒരു സ്റ്റൈലന്‍ ബ്ലാക്ക്‌ ഗ്ലാസ് വെച്ച ഏട്ടന്‍ ഒരു ജാക്കെറ്റുമ്, കൈയില്‍ എന്തോ (എന്തോ അല്ല, ഒരു ബിയര്‍ കാന്‍ ആണെന്ന് എനിക്ക് മനസിലായി) പിടിച്ചിരിക്കുന്നു. ടൂ മേനി accessories. അതും ഔട്ട്.

വെള്ളം വെള്ളം സര്‍വത്ര, തുള്ളി കുടിക്കാനില്ല എന്ന മട്ടിലായി കാര്യങ്ങള്‍. ഏട്ടന്റെ ഫോട്ടോകള്‍ സര്‍വത്ര. അമേരിക്കയുടെ പല വൈഭവങ്ങളും പ്രകടമാകുന്ന, പല പോസുകളില്‍ ഏട്ടന്‍ കഷ്ടപ്പെട്ട് എടുതയച്ച ഒരു ഫോട്ടോയും, അമ്മ അമ്മുമ്മ കമ്മിഷന്‍ അടുപ്പിക്കുന്നില്ല. ഒന്നും ശിപാര്‍ശ ചെയ്യുന്നില്ല. എല്ലാത്തിലും എന്തെങ്ങിലും കുഴപ്പം.

അച്ഛന്‍ റീ എന്‍ട്രി ആയപ്പോഴും കാര്യങ്ങള്‍ക്കു ഒരു മുടിവ് വന്നിട്ടില്ല എന്നതില്‍ അച്ഛന്‍ അതിശയം പ്രകടിപ്പിച്ചു. ഏത് കാര്യങ്ങളുടെയും ആലോചനകള്‍ക്കൊടുവില്‍, അച്ഛനും അമ്മയും ഇന്ത്യ പാക് ബന്ധം കൈവരിക്കും. അതറിയാവുന്ന അമ്മുമ്മ, മെല്ലെ ഉള്ളില്‍ പോയി, തന്റെ രാമായണത്തിലെ ബുക്മാര്‍ക്ക് ആയി ഉപയോഗിക്കുന്ന ഒരു ഫോട്ടോ എടുത്തോണ്ട് വന്നു.

ഞാന്‍, അവിടെ നിക്കണോ പോണോ, അതോ, അച്ഛന്റെ വായിലിരിക്കുന്ന ബാക്കി കേള്കണോ എന്ന് ആലോചിച്ചു നിന്നു.

അമ്മുമ്മയുടെ ബുക്മാര്‍ക്ക് ഫോട്ടോ - ഏട്ടന്റെ ഈര്കില്‍ പരുവം രൂപം. ഞാന്‍ അടുത്ത മാസം അമേരിക്കക്ക് പോവും - എനിക്ക് പേടിയാവുന്നു എന്ന് പറയുന്ന രൂപം. അമ്മൂമ്മക്ക് ഏട്ടന്‍ പോവുന്നതിനു മുമ്പെ കൊടുത്ത ഒരു പടം.

എന്റെ മോന്‍ ഇതില്‍ നന്നായി ഇരിക്കുന്നു അല്ലെ എന്ന് ചോദിക്കുന്ന അമ്മൂമ്മ. ഫോട്ടോ കൂമ്പാരത്തില്‍ നോക്കി, പറയുന്നു - മനുഷ്യക്കോലം ഉള്ള ഒരേ ഒരു പടം ഇതാ. അവന്‍ അവടെ പോയി ഓരോ കോമാളിത്തം കാണിക്കാന്‍ തുടങ്ങി.

അച്ചന് ആ ഫോട്ടോ അറിയാവുന്നതു കൊണ്ടു ഒന്നും പറഞ്ഞില്ല.

മകന്റെ കല്യാണം അത്ര വേഗത്തില്‍ നടക്കുമോ എന്ന് അച്ഛനു ഒരു ചെറിയ ആധി. കാരണം ഒരു ഫോട്ടോ സെലക്റ്റ് ചെയ്യാന്‍ ഇത്ര നേരം വേണ്ടി വന്നു എന്നതില്‍ അച്ഛന്‍ ആകെ ഒരു കണ്‍ഫ്യൂഷന്‍-ലായി.

എനിക്ക് വിശക്കുന്നു. ചോറെടുക്ക്‌ എന്ന് അമ്മയോടായി. അമ്മൂമ്മ മാത്രം തന്റെ പുന്നാര മോന്റെ പടം കണ്ടു കൊണ്ടു ഉമ്മറത്തിരുന്നു. സാമ്പാറുണ്ടോ അമ്മേ എന്ന് ചോദിച്ചു ഞാന്‍ അടുക്കളയില്ലെക്ക്....