Sunday, November 8, 2009

അമ്മി ചവിട്ടലും അമ്മി വിശേഷങ്ങളും....

 ഓര്‍മ്മയുണ്ടോ  ഈ മുഖം?


ചോദിക്കുന്നത് നമ്മുടെ സ്വന്തം അമ്മിയാണ്.

ഞങ്ങളുടെ വീട്ടിലെ അമ്മി ഇപ്പോഴും ഉപയോഗിക്കുന്നുന്ടെങ്ങിലും, ആട്ടുകല്ല് 'റിട്ടയര്‍' ചെയ്തു.  അമ്മിയിലരച്ച അരപ്പ് കൊണ്ട് വെച്ച കൂട്ടാന്‍ കഴിച്ചവരാരും, അതിന്റെ നൂതന അവതാരമായ മിക്സിക്ക്  മുഴുവന്‍ മാര്‍ക്കും കൊടുക്കില്ല .  കാരണം, ആ ചിരവിയ തേങ്ങയും  (ഇതു  വേറൊരു പോസ്റ്റ്‌ ആക്കണം - ചിരവിയ തേങ്ങ Vs . frozen തേങ്ങ)  പച്ചമുളക്, കറിവേപ്പില, ജീരകം, തുടങ്ങിയ ചേരുവകള്‍ മലയാളിക്ക് രുചിക്കുന്ന വിധത്തില്‍ അരഞ്ഞു കിട്ടണമെങ്കില്‍  അത് നമ്മുടെ അമ്മി തന്നെ വിചാരിക്കണം.

ഇപ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ അനിയനും ഞാനും കൂടെ ഒരു തമിഴ്‌ കല്യാണത്തിന് പോയി.  സപ്തപധി  കഴിഞ്ഞുള്ള ചടങ്ങാണ് അമ്മി ചവിട്ടല്‍.  ഹോമത്ത്തിനടുത്ത്  വെച്ച അമ്മിയില്‍ വധുവിന്റെ കാലെടുത്തു വെക്കുന്ന വരന്‍. 

ആ ചടങ്ങിന്റെ അര്‍ഥം ചുരുക്കത്തില്‍ ഇതാണ്:  ഭാര്യയെന്ന  നിലക്ക് നീ ചെയ്യുന്ന ജോലികളില്‍ മുഴുകുമ്പോഴും, വളരെ ധൈര്യപൂര്‍വ്വം എല്ലാവരോടും ഇടപെടണം.  നിന്റെ ശത്രുക്കളോടു പോരുതുമ്പോഴും (വീടിന്റെ നായികയെന്ന നിലക്ക്), ഈ അമ്മി കണക്ക്ക് ഉറപ്പും മനോധൈര്യവും വേണം.

അനിയന്‍ അമ്മികണ്ടയുടനെ ചോദിച്ചു,  ചേച്ചി നമ്മുടെ  വീട്ടില്‍  സഹായത്തിനു നിന്ന അമ്മിനിയെടത്ത്തിയെ ഓര്‍മ്മയില്ലേ...

എങ്ങനെ മറക്കും അനിയാ അതൊക്കെ? നല്ല വള്ളുവനാടന്‍ രീതിയില്‍ കൂട്ടാനുകള്‍ വെച്ച് തന്ന അമ്മിനിയെടത്ത്തിയെ  മറക്കാന്‍ പറ്റുമോ?  വീട്ടിലെ മിക്സി അവര്‍
 തൊടാറില്ല.  എല്ലാം അമ്മിയില്‍ അരച്ചെടുത്ത്  രുചിയായി
 വെക്കുമായിരുന്നു.  മുത്തശന്റെ ഒരു അകന്ന ബന്ധു ആയിരുന്നു  അവര്‍.  "കുട്യേ ഇത് നമ്മുടെ അടുക്കള അല്ലെ, ഫാക്ടറി ഒന്നും അല്ലല്ലോ യന്ത്രത്ത്തിലരക്കാന്‍ .."  

അങ്ങനെ അനിയന്‍ ധൈര്യപൂര്‍വ്വം ഒരു അമ്മി പായ്ക്ക് ചെയ്തു.  അച്ചന്‍ പറഞ്ഞു, എടാ ഇവിടത്തെ അമ്മി എടുത്തോണ്ട് പൊക്കോ, നിന്റെ അമ്മ അതൊന്നും തൊടുന്നില്ല..അവന്‍ പറഞ്ഞു, അത് വേണ്ടച്ചാ, ഞാന്‍ ഇവിടെ റിട്ടയര്‍  ആയി വരുമ്പോള്‍ ഉപയോഗിക്കാം എന്ന്.  അച്ചന്‍ തല കുലുക്കി പുറത്തു പോയി. 

അവന്‍ ചെറുതിലെ ഒരു പാചകപ്രിയനാണ്.  മുത്തശന്‍  പറയുമായിരുന്നു, എല്ലാ കുട്ടികളും വേറെ എന്തെങ്കിലും കളിപ്പാട്ടങ്ങള്‍ വെച്ച് കളിക്കുമ്പോള്‍, അവന്‍ ഒരു ചട്ടുകം എടുത്തു കൊണ്ട് വന്നു, അടുക്കളക്കരനാകുമായിരുന്നു എന്ന്.  

 അമേരിക്കയിലെത്തിയ അമ്മി ഞങ്ങള്‍ക്ക് സ്വാദുള്ള കറികള്‍ തരുന്നുണ്ട്.  അമ്മി നീണാള്‍ വാഴ്ക!

2 comments:

  1. ദൈവമേ,
    അമേരിക്കയിലേക്ക് അമ്മി..!
    :)

    ReplyDelete
  2. ഇതല്ലാതെ അമ്മി ചവിട്ടിക്കുക എന്നൊരു ചടങ്ങ് ഉണ്ട്. അറിയൊ? നമ്പൂരാര്ടെ വിവാഹത്തിനാ. വധുവിന്റെ കാൽ പിടിച്ച് വരൻ അമ്മി ചവിട്ടിച്ച് പറയും (മന്ത്രം) ഇതുപൊലെ ഉറച്ച് നിക്കണംന്ന്. വധുവിന്റെ കാല് പിടിക്കലും ഇങ്ങനെ ചെയ്യലുമൊക്കെ വേറേ വല്ലതിനും ഉണ്ടോ എന്നറിയില്ല ട്ടൊ.
    -സു-

    ReplyDelete